Articles Cover Story Details

അടിയന്തരാവസ്ഥയെ നേരിട്ട ദേശാഭിമാനി

Author : ഡോ.ചന്തവിള മുരളി

calender 18-08-2025

ഇന്ത്യൻ ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരം 1975 ജൂൺ 25 അർധരാത്രി ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവരിക്കാനാകാത്ത ദുരിതങ്ങളാണ് 19 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ നാളുകളിൽ ദേശാഭിമാനിക്ക് അനുഭവിക്കേണ്ടിവന്നത്. അഭിപ്രായസ്വാതന്ത്യത്തിന്റെ കൈയും കാലും വെട്ടിമുറിച്ച് ഇന്ദിരാഗാന്ധി സർവാധിപതിയായി വാണരുളിയ ആ നാളുകളിൽ പത്രം അനുഭവിച്ച യാതനകളും വേദനകളും നിസ്സീമമാണ്. ദേശാഭിമാനി നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെയും കടുത്ത പോരാട്ടത്തിന്റെയും കാലയളവു കൂടിയാണിത്. വിലക്കുകൾ അവഗണിച്ച് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ട ഏക മലയാള പത്രം ദേശാഭിമാനിയാണ്.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊന്ന് മാർച്ചിൽ ലോകസഭയിലേക്കു ഇടക്കാല തിരഞ്ഞടുപ്പ് നടന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നു മത്സരിച്ചു. അവരുടെ പ്രധാന എതിർ സ്ഥാനാർത്ഥി എസ്എസ്‌പിക്കാരനും പിന്നീട് ജനതാ മന്ത്രിസഭയിലംഗവുമായിരുന്ന രാജ്‌നാരായണൻ ആയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ്‌നാരായണൻ അധി കാരദുർവിനിയോഗവും തിരഞ്ഞെടുപ്പ് അഴിമതിയും കാരണമാണ് ഇന്ദിരാഗാന്ധി വിജയിച്ചതെന്നും, അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യ പ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. ഈ ഹർജിയെത്തുടർന്ന് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് രാജ്‌നാരായണന് അനുകൂലമായി 1975 ജൂൺ 12 ന് ജസ്റ്റിസ് ജഗൻ മോഹൻ ലാൽ സിൻഹ വിധി പ്രസ്താവിച്ചു. ഇന്ദിരാഗാന്ധി ആറുവർഷത്തേക്ക് പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കരുതെന്ന വിലക്കും കൽപ്പിച്ചിരുന്നു. എന്നാൽ, വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന ഇന്ദിരാഗാന്ധിയുടെ അപേക്ഷ കോടതി സ്വീകരിച്ചു.

ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവെന്ന് കോടതി വിധി എന്ന എട്ടുകോളം വരുന്ന രണ്ട് സ്റ്റെപ്പ് തലക്കെട്ടിലൂടെയാണ് (കൊച്ചി എഡിഷൻ) ഈ വിവരങ്ങൾ ജൂൺ 13 ന് ദേശാഭിമാനി ജനങ്ങൾക്ക് നൽകിയത്. പ്രധാന തലക്കെട്ടിനു മുകളിലായി തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നഗ്നമായ അഴിമതി കാട്ടി എന്നും, താഴെ ആറു വർഷത്തേക്ക് അയോഗ്യത എന്നുമുള്ള രണ്ടു ഉപതലക്കെട്ടുകളും ഉണ്ടായിരുന്നു. 258 പേജ് വരുന്നതായിരുന്നു വിധിന്യായം. ഇന്ദിരാഗാന്ധി, രാജ്‌നാരായണൻ, ജസ്റ്റിസ് സിൻഹ എന്നിവരുടെ ഫോട്ടോകളും അന്നത്തെ പത്രത്തിൽ ഉണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു താഴെ ഇനി ഞാൻ എന്തുചെയ്യും? രാജ് നാരായണന്റെ ചിത്രത്തിനു താഴെ അക്ഷീണമായ പോരാട്ടം, ജസ്റ്റിസ് സിൻഹയുടെ ഫോട്ടോയ്ക്ക് താഴെ ജുഡീഷ്യറി പൂർണമായും കീഴടക്കിക്കഴിഞ്ഞിട്ടില്ല എന്നീ അടിക്കുറിപ്പുകളും ഉണ്ട്.

ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ ഇന്ദി രാഗാന്ധി രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യം പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ചു. ഇതിനു നേതൃത്വം വഹിച്ച പ്രമുഖരിൽ ഒരാൾ ലോക്‌സഭയിലെ സി പി ഐ (എം) ഗ്രൂപ്പ് നേതാ വായിരുന്ന എ.കെ ഗോപാലൻ ആയിരുന്നു. ഇന്ദിര രാജിവയ്ക്കുക എന്ന എ കെ ജി യുടെ പ്രസ്താവന ജൂൺ 1 ന്റെ ദേശാഭിമാനിയിൽ തന്നെ പ്രത്യക്ഷപ്പെട്ടു. ഈ പ്രസ്താവന അപ്പിലിനു പോകാതെ രാജിവയ്ക്കുക എന്ന തലക്കെട്ടിൽ ജൂൺ 14 ന്റെ ദേശാഭിമാ നിയിൽ വന്നു. ഇതിന്റെ പ്രതിധ്വനി കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും കോൺഗ്രസ് അണികളിലും ഉണ്ടാകുകയും രാജി ആവശ്യം അവിടെ ഉയരുകയും ചെയ്തു.

ജൂൺ 14 ന്റെ പത്രത്തിലെ പ്രധാന തലക്കെട്ട് ഇതായിരുന്നു-എന്തുവന്നാലും രാജി വെക്കില്ലെന്ന് ഇന്ദിര. തലക്കെട്ടിനു മുകളിലെ ഉപതലക്കെട്ട് കോടതി വിധി തനിക്ക് ബാധകമല്ലെന്ന് എന്നായിരുന്നു. കോടതിവിധിയെ വിലയിരുത്തിക്കൊണ്ട് രാഷ്ട്രം ഞെട്ടിയില്ല, അധ്യഷ്യയായ ജനവിധി എന്നീ തലക്കെട്ടുകളിൽ രണ്ട് മുഖപ്രസംഗങ്ങൾ ജൂൺ 14 ന്റെ ദേശാഭിമാനിയിൽ കാണാം. ഇതേ ദിവസത്തെ കോഴിക്കോട് എഡിഷനിലും ജൂൺ 16 ന്റെ കൊച്ചി എഡിഷനിലും ഭരണകക്ഷിക്ക് ജുഡീഷ്യറിയോട് ബഹുമാനമുണ്ടോ എന്നതാണ് പ്രശ്നം എന്ന തലക്കെട്ടിലുള്ള എ കെ ജിയുടെ പ്രസ്താവന കാണാം. ഐക്യവും സമരവും ശക്തിപ്പെടുത്തുക എന്ന തലക്കെട്ടിൽ, പ്രതിപക്ഷ പാർട്ടികളോട് എ കെ ജി നടത്തിയ ആഹ്വാനവും ജൂൺ 14 ന്റെ പ്രതത്തിൽ (കോഴിക്കോട് എഡിഷൻ).

തനിക്ക് ഭൂരിപക്ഷമുള്ള 490 അംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർത്ത് തന്റെ നേതൃത്വം പൂർണമായും അംഗീകരിക്കുന്ന പ്രമേയം പാ സാക്കിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. പ്രധാനമന്ത്രി പദത്തിൽ നോട്ടമിട്ടിരുന്ന ജഗജീവൻ റാമിനെക്കൊണ്ടുതന്നെ പ്രമേയം അവതരിപ്പിച്ചു. വൈ.ബി ചവാൻ പിന്താങ്ങിയ പ്രമേയം ഭൂരിപക്ഷത്തിന് പാസാക്കാൻ കഴിഞ്ഞെങ്കിലും ഇന്ദിരാഗാന്ധിക്കെതിരായ കടുത്ത എതിർപ്പിന്റെ അപസ്വരങ്ങൾക്ക് അത് വഴിയൊരുക്കി. പ്രതിഷേധസൂചകമായി 10 എംപിമാർ യോഗത്തിൽ പങ്കെടുത്തില്ല.

അഴിമതിക്കുറ്റത്തിനു അലഹബാദ് ഹൈക്കോടതി നൽകിയ ശിക്ഷ നടപ്പാക്കുന്നതിനെതിരെ നിബന്ധനകൾ ഏതൊന്നും കൂടാതെ നിരുപാധികമായ സ്റ്റേ നൽകണമെന്നഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുപ്രീംകോടതിയിൽ സ്റ്റേ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണനയ്ക്ക് വന്നത് വെക്കേഷൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ബെഞ്ചിലാണ്. ജൂൺ 24 നു സുപ്രീംകോടതി വിധി പ്രസ്താവിച്ചു. എന്നും നിയമചരിത്രത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നതും, വരുംതലമുറയിലെ അഭിഭാഷക സമൂഹത്തിന് മാർഗദ ർശകവുമായ വിധിയായിരുന്നു കൃഷ്ണയ്യരുടേത്.

അഴിമതിക്കുറ്റത്തിന് അലഹബാദ് ഹൈക്കോടതി നൽകിയ ശിക്ഷ നിരുപാധികം സ്റ്റേ ചെയ്യണമെന്ന ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തള്ളിക്കളഞ്ഞു. പാർലമെന്റംഗമെന്ന നിലയിലോ പ്രധാനമന്ത്രിയെന്ന നിലയിലോ ഇന്ദിരാഗാന്ധിക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന നിബന്ധനയോടുകൂടിയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചത്. പാർലമെന്റംഗമെന്ന നിലയിൽ വോട്ടവകാശമോ, സഭാനടപടികളിൽ പങ്കെടുക്കാനുള്ള അവകാശമോ പ്രതിഫലം പറ്റുന്നതിനുള്ള അവകാശമോ ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരിക്കില്ലെന്ന് വിധിന്യായത്തിൽ എടുത്തുപറഞ്ഞിരുന്നു. സഭയിൽ അവർക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന് കോടതി വിധിയിൽ സംശയലേശമെന്യേ പ്രസ്താവിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മുൻ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ രംഗത്തുവരുന്നത്. പ്രതിപക്ഷകക്ഷികളെ മുഴുവൻ യോജിപ്പിച്ചുകൊണ്ട് സമ്പൂർണ വിപ്ലവം എന്ന ദൗത്യവുമായാണ് അദ്ദേഹം മുന്നോട്ടുവന്നത്. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ 1975 ജൂൺ 25ന് ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം ജൂൺ 29 മുതൽ രാജ്യവ്യാപകമായ പ്രക്ഷോഭം അഴിച്ചുവിടാൻ തിരുമാനിച്ചു. പ്രക്ഷോഭത്തിന്റെ തുടർപരിപാടികളും ആസൂത്രണം ചെയ്തു.

ഈ യോഗത്തിൽ ജനതാമോർച്ച എന്ന പേരിൽ സംഘടിപ്പിച്ച മുന്നണിയിൽ ഘടകകക്ഷികളായ ജനസംഘം, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ഭാരതീയ ലോക്‌ദൾ (ഈ പാർട്ടികൾ ചേർന്നാണ് പിന്നീട് ജനതാ പാർട്ടിയായി പുനരവതരിപ്പിച്ചത്) എന്നീ കക്ഷികളും സി പി ഐ (എം), ഡി എം കെ, അകാലിദൾ, ആർ എസ് പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുത്തു. ഈ വാർത്ത ജൂൺ 29ന്, പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കും എന്ന തലക്കെട്ടിലൂടെ ജൂൺ 26 ന്റെ ദേശാഭിമാനി ജനങ്ങളെ അറിയിച്ചു. മേൽഭാഗത്തെ ഉപതലക്കെട്ട് ഇന്ദിര രാജിവയ്ക്കണം എന്നായിരുന്നു (കൊച്ചി).

ഈ പ്രതിപക്ഷനിര തന്റെ അധികാരത്തെ വെല്ലുവിളിക്കത്തക്ക ശക്തിയായിത്തീരുമെന്ന് മനസ്സി ലാക്കിയാണ് പിറ്റേദിവസം രാവിലെ ഏഴുമണിക്ക് ഇന്ദിരാഗാന്ധിയുടെ ശുപാർശയനുസരിച്ച് രാഷ്ട്രപതി ഫ്രക്രുദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു. അടിയന്തരാവസ്ഥ സംബന്ധിച്ച് പ്രസിഡന്റിനോട് ശുപാർശ ചെയ്യാനുള്ള മന്ത്രിസഭയോഗം കൂടിയതുതന്നെ വെളുപ്പാൻ കാലത്താണ്. മന്ത്രിസഭാംഗങ്ങൾപോലും ആ നിമിഷം വരെ വിവരം അറിഞ്ഞിരുന്നില്ല. എന്നാൽ, മണിക്കൂറുകൾക്കു മുമ്പുതന്നെ പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി അറസ്റ്റു ചെയ്തിരുന്നു. ഭരണകക്ഷിയായ കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗമായ ചന്ദ്രശേഖറിനെക്കൂടി അറസ്റ്റ് ചെയ്തതായി വാർത്ത വന്നു. ജനങ്ങൾക്ക് അറസ്റ്റിന്റെ വാർത്തയും അടിയന്തരാവസ്ഥ പ്രഖ്യാപനവും ഒരുമിച്ചാണ് കിട്ടിയത്. അറസ്റ്റിനിരയാകാത്ത എം പി മാർക്കും എം എൽ എ മാർക്കും സഭയിൽ പ്രസംഗിക്കാൻ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതടക്കം ജനങ്ങളുടെ എല്ലാ അഭിപ്രായസ്വാതന്ത്യങ്ങളും എടുത്തുകളയുന്ന ഉത്തരവുകളും പാസാക്കിയിരുന്നു.

ഇതിനും പുറമെ, പത്രങ്ങളിൽ എന്തു പ്രസിദ്ധീ കരിക്കാം എന്തു പ്രസിദ്ധീകരിച്ചുകൂടാ എന്നെല്ലാം നിർദേശിക്കുന്ന ഉത്തരവുകൾ, അവ നടപ്പാക്കുന്നിന് ഉത്തരവാദപ്പെട്ട സെൻസറിങ് ഉദ്യോഗസ്ഥന്മാർ എന്നിവയിലൂടെ  പത്രസ്വാതന്ത്യം തികച്ചും അപഹരിക്കപ്പെട്ടു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കി. സെൻസറിങ് ഉദ്യോഗസ്ഥന്മാരുടെ അനുമതി കൂടാതെ പാർലമെന്റിലും നിയമസഭകളിലും നടത്തുന്ന പ്രസംഗങ്ങൾപോലും പ്രസിദ്ധീകരിച്ചുകൂടെന്ന ഉത്തരവും നിലവിൽ വന്നു. വാർത്താ എജൻസികളുടെ പ്രവർത്തനവും സ്തംഭിച്ചു. ഡൽഹി തുടങ്ങിയ നഗരങ്ങളിൽ അടുത്തദിവസം പത്രങ്ങൾ പുറത്തുവന്നില്ല. അത്രത്തോളം ശക്തിമത്തായ നിരോധനവും നിയന്ത്രണവുമാണ് ഗവൺമെന്റ് കൊണ്ടുവന്നത്. ചുരുക്കിപ്പറഞ്ഞാൽ ഔപചാരികമായി ഭരണം പട്ടാളത്തെ ഏല്പിച്ചിട്ടില്ലെന്നതൊഴിച്ചാൽ രാജ്യവ്യാപകമായ പട്ടാളഭരണത്തിന്റെ അന്തരീക്ഷമാണ് നിലവിൽ വന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപന ദിവസം മുൻനിശ്ചയ പ്രകാരം സിപിഐ(എം)ന്റെ സംസ്ഥാനതല രാഷ്ട്രീയ ക്യാമ്പ് കോഴിക്കോട്ട് നടക്കുകയായിരുന്നു. ക്യാമ്പുകഴിഞ്ഞ് ഇ എം എസും എ കെ ജിയും കോഴിക്കോട്ട് തങ്ങുകയുണ്ടായി. ക്യാമ്പ് കഴിഞ്ഞ് പി കണ്ണൻ നായരും കെ മോഹനനും ദേശാഭിമാനിയിൽ എത്തി. പത്രം എങ്ങനെയൊക്കെ ആസൂത്രണം ചെയ്യണമെന്ന് ആലോചിച്ചു. തലക്കെട്ട് എങ്ങനെ വേണമെന്ന് ഇ എം എസുമായി ആലോചിക്കാൻ കെ മോഹനൻ ചീഫ് സബ് എഡിറ്ററായ സി എം അബ്ദുൾ റഹ്മാനോട് ആവശ്യപ്പെട്ടു. ഇ എം എസിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമായിരുന്നു, 'അർദ്ധ ഫാസിസത്തിൽ നിന്നും ഫാസിസത്തിലേക്ക്' എന്ന തലക്കെട്ട്. ആകസ്മികമായ ഒരു പ്രതികരണമായിരുന്നില്ല ഇത്. ഇന്ത്യൻ രാഷ്ടീയത്തെ ബൗദ്ധികതലത്തിൽ എന്നെന്നും നിരീക്ഷിച്ചിരുന്ന ഒരു രാഷ്ടിയ ഭീഷ്മാചാര്യന്റെ ദീർഘദർശിത്വത്തിന്റെ പ്രതികരണമായിരുന്നു അത്. കാരണം, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുമ്പുതന്നെ ഇത്തരമൊരു സ്ഥിതി സംജാതമാവുമെന്ന് രാഷ്ട്രീയ ഭീഷ്മാചാര്യനായ അദ്ദേഹം മുൻകുട്ടി കണ്ടിരുന്നുവെന്നതാണ് സത്യം. ആ ദീർഘദർശിത്വത്തിന്റെ നിദർശനമായിരുന്നു 1975 മേയ് 30 മുതൽ ജൂൺ 3 വരെ ഇ എം എസ് ദേശാഭിമാനിയിൽ അഞ്ചുദിവസം തുടർച്ചയായി എഴുതിയ ഫാസിസ്റ്റ് വിപത്തിനെപ്പറ്റി എന്ന ലേഖനപരമ്പര. അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയത് തങ്ങളാണെന്ന് അവകാശപ്പെടുന്ന ജനസംഘത്തിന്റെ അന്നത്തെ നേതാക്കളായ വാജ്പേയിക്കോ എൽ കെ അദ്വാനിക്കോ ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരായ ജോർജ് ഫെർണാണ്ടസ് അടക്കമുള്ള ലോഹ്യ പ്രഭൃതികൾക്കോ സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത രാഷ്ടീയ ദീർഘവീക്ഷണമായിരുന്നു ആ പരമ്പര. അതിന്റെ പരിണാമഗുപ്തിയായിരുന്നു ഉടനടിയുള്ള ആ തലക്കെട്ട്. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ എങ്ങോട്ടു നീങ്ങുന്നുവെന്നതിന്റെ സൂചനയായിരുന്നു ആ തലക്കെട്ട്,

എ കെ ജിയെ കാണാൻ ലേഖകനായ അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ നിയോഗിച്ചു. എ കെ ജിയുടെ രോഷവും സമരതീക്ഷ്ണതയും ചാലിച്ച ആഹ്വാനമായിരുന്നു 'പെൺ ഹിറ്റ്ലർ ജനിക്കുന്നു' എന്ന തലക്കെട്ടിനാധാരം, കാറും കോളും നിറഞ്ഞ ഈ കാലാവസ്ഥയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെ നയിക്കണമെന്ന് അണികളോടുള്ള ആഹ്വാനമായിരുന്നു ആ തലക്കെട്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ച ഘടകങ്ങൾ, രാജ്യത്ത് നടമാടുന്ന ജനകീയ പ്രശ്നങ്ങളോടുള്ള അവരുടെ സമീപനം, തുടർന്നുള്ള പത്രമാരണ നടപടികൾ, ഇതിനൊക്കെയെതിരെ ജീവാർപ്പണം നടത്തിയും പ്രതികരിക്കേണ്ടതിന്റെ ആവശ്യകത, അതിലുപരി ആലസ്യത്തിൽനിന്നും സടകുടഞ്ഞെഴുന്നേറ്റ് വരാനിരിക്കുന്ന വൻ വിപത്തിനെക്കൂടി തടയിടാൻ 'ഉത്തിഷ്ഠത, ജാഗ്രത എന്ന ആഹ്വാനം- ഇതെല്ലാം ഉൾക്കൊള്ളുന്ന പ്രതികരണമായിരുന്നു എ കെ ജിയുടേത്.

ഈ രണ്ടു തലക്കെട്ടുകളെയും സമന്വയിപ്പിച്ചു കൊണ്ട് പ്രസിദ്ധ കാർട്ടൂണിസ്റ്റ് ബി എം ഗഫൂർ വരച്ച വിവാദ കാർട്ടൂണും ഒന്നാംപേജിലുണ്ട്. 'ഞാനാണ് രാഷ്ടം' (I am the State) എന്നു പ്രഖ്യാപിച്ച ഫ്രാൻസിലെ സേച്ഛാധിപതി ലൂയി പതിനാലാമനുമായി ഇന്ദിരാ ഗാന്ധിയെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ കാർട്ടൂൺ. ഇ എം എസിന്റെയും എ കെ ജിയുടെയും പ്രതികരണങ്ങളിൽ അന്തർലീനമായ ആശയത്തിന്റെ ആവിഷ്ക്കാരമായിരുന്നു ആ കാർട്ടൂൺ. അന്നത്തെ എ ഐ സി സി പ്രസിഡന്റായിരുന്ന ഡി കെ ബറുവ "ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിര യെന്നാൽ ഇന്ത്യ' എന്നൊരു മുദ്രാവാക്യം കോൺഗ്രസുകാർക്ക് പ്രദാനം ചെയ്തിരുന്നു. ഈ കാർട്ടൂണിന്റെ ഉപമയ്ക്കു നിദാനം ഈ മുദ്രാവാക്യമായിരുന്നു.

പത്തൊമ്പത് മാസക്കാലം കമ്യൂണിസ്റ്റ് പാർട്ടിയും ദേശാഭിമാനിയും അനുഭവിക്കേണ്ടിവന്ന പീഡനകാലവും മുൻചൊന്ന തലക്കെട്ടുകളുടെയും കാർട്ടൂണിന്റെയും പ്രസക്തിയും കൂട്ടിവായിക്കേണ്ടതാണ്.

അടിയന്തരാവസ്ഥയുടെ വാർത്ത പത്രത്തിൽ കൊടുത്തതുതന്നെ ഇന്ദിരാഗാന്ധിയോടുള്ള വെല്ലുവിളിയായിട്ടായിരുന്നു. ഇന്ത്യയുടെ ഭൂപടം വരച്ച് അതിന്റെ ഹൃദയഭാഗത്തിലേക്ക് ഒരു കഠാര കുത്തിക്കയറ്റിയിരിക്കുന്ന ഒരു ചിത്രത്തോടുകൂടിയാണ് പത്രത്തിന്റെ ഒന്നാം പുറത്തിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാർത്ത ചേർത്തിരുന്നത്.

ജൂൺ 27 ന്റെ ദേശാഭിമാനിപത്രം പുറത്തിറങ്ങിയത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന മുഖ്യ തലക്കെട്ടുമായാണ്. പത്രഭാഷയിൽ പറഞ്ഞാൽ 'ആറ്റിക്കുറുക്കിയ മുഖ്യതലക്കെട്ട് (Summary Banner Headline), സ്വാഭാവികമായും അന്നത്തെ മിക്ക പത്രങ്ങളുടെയും മുഖ്യ തലക്കെട്ട് ഇതുതന്നെയായിരുന്നു. എന്നാൽ, മറ്റു പത്രങ്ങളിൽനിന്ന് ദേശാഭിമാനിക്ക് വ്യത്യസ്തത പുലർത്തേണ്ടതുണ്ടായിരുന്നു. അന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് മുഴുവനും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വിവിധ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉപതലക്കെട്ടുകളായിരുന്നു. കിരാതമായ ഈ പ്രഖ്യാപനത്തിന്റെ കുന്തമുന എങ്ങോട്ടാണ് തിരിച്ചുവച്ചിട്ടുള്ളതെന്ന് ദേശാഭിമാനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ഒന്നാംപേജിലെ രണ്ട് ഉപതലക്കെട്ടുകൾ- അർദ്ധഫാസിസത്തിൽനിന്ന് ഫാസിസത്തിലേക്ക്, പെൺഹിറ്റ്ലർ ജനിക്കുന്നു. മുഴച്ചുനിന്നിരുന്നു.

ഡൽഹിയിൽ പത്രസ്ഥാപനങ്ങൾക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചുകൊണ്ടാണ് അടിയന്തരാവസ്ഥ ആരം ഭിച്ചതുതന്നെ. പത്രങ്ങൾക്കുമേൽ ഇനി പറയുന്ന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. (എ) പത്രത്തിൽ അപകടകരമായ വാർത്തകൾ തമസ്കരിക്കണം. (ബി) കേട്ടുകേഴ്വികൾ പ്രചരിപ്പിക്കാൻ പാടില്ല. (സി) മറ്റൊരു മാധ്യമത്തിൽ വന്നതും സർക്കാർ എതിർക്കുന്നതുമായ യാതൊരു വാർത്തയും പുനപ്രസിദ്ധീ കരിക്കരുത്. (ഡി) സൈന്യത്തിനും സർക്കാർ ജീവനക്കാർക്കും സർക്കാരിനോട് വിപ്രതിപത്തി തോന്നുന്ന യാതൊന്നും പ്രസിദ്ധീകരണയോഗ്യമല്ല.

പത്രസ്വാതന്ത്ര്യത്തിനെതിരായ വിലക്കുകൾക്കെതിരെ ദേശാഭിമാനി കുറുക്കുവഴികൾ തേടി. പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ, ജനാധിപത്യത്തിന്റെ മുഖം മൂടി ചിന്തി എറിഞ്ഞു, ഇന്ത്യയിൽ ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണം എന്നീ ഉപ തലക്കെട്ടുകളും 27-ാം തീയതിയിലെ ദേശാഭിമാനി (കോഴിക്കോട് എഡിഷൻ)യിലുണ്ടായിരുന്നു. അറസ്റ്റിലായ നേതാക്കളുടെ പേര് പത്രത്തിൽ കൊടുക്കരുതെന്നായിരുന്നു ഗവൺമെന്റ് കല്പന. പേരൊന്നും കൊടുത്തില്ലെങ്കിലും വാർത്തയിൽ നിന്നുതന്നെ അതു വ്യക്തമായിരുന്നു. അറസ്റ്റ് ചെയ്തവരുടെ ചിത്രങ്ങൾ കൊടുക്കുന്നതിനു വിലക്ക് ബാധകമായിരുന്നില്ല. അതുകൊണ്ട് അടിക്കുറിപ്പൊന്നും കൂടാതെ ദേശാഭിമാനി ഏവർക്കും ചിരപരിചിതരായ, അറസ്റ്റു ചെയ്യപ്പെട്ട നേതാക്കളുടെ ചിത്രങ്ങൾ കൊടുത്തു. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ചരൺസിങ്ങ്, ജ്യോതിർമൊയി ബസു, രാജ്‌നാരായണൻ, എൽ കെ അദ്വാനി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ പടങ്ങൾ ഒന്നാം പേജിൽത്തന്നെ കൊടുത്തു. അതിനു പുറമെ കോൺഗ്രസിലെ യുവതുർക്കികളായ ചന്ദ്രശേഖർ, മോഹൻധാരിയ, കിഷൻകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളും ഒന്നാം പേജിൽതന്നെ കൊടുത്തിരുന്നു. കോൺഗ്രസിലെ വിമതന്മാരായിരുന്നു ഇവർ. ഇവരൊക്കെ അറസ്റ്റിലായെന്ന് വായനക്കാർക്ക് ബോദ്ധ്യമായി.

സുൽത്താനയുടെ തിരുമൊഴി, പത്രങ്ങളുടെമേൽ സെൻസറിങ് ഏർപ്പെടുത്തി, പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു എന്നീ ഉപതലക്കെട്ടുകൾ കൊച്ചിൻ എഡിഷനിൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത് മുഖപ്രസംഗമെഴുതാൻ പാടില്ലായിരുന്നു. മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്ന കോളം ദേശാഭിമാനി കറുത്ത ബോർഡറിനകത്ത് ഒതുക്കിയിട്ടു. അതിന്റെ മദ്ധ്യത്തിൽ ഇങ്ങനെ എഴുതി: 'രാഷ്ടപതി പുറപ്പെടുവിച്ച ആഭ്യന്തര അടിയന്തരാവസ്ഥയേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് മുഖപ്രസംഗം എഴുതാൻ പാടില്ലെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കുന്നു'

തുടർന്നുള്ള ദിവസങ്ങളിലും മുഖപ്രസംഗത്തിന്റെ കോളം കറുത്ത ബോർഡറിനകത്ത് ഒന്നുമെഴുതാതെ ശൂന്യമായിട്ടുകൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഉടനെ എത്തി അതിനെതിരായ വിലക്ക്, മുഖപ്രസംഗ കോളം ശൂന്യമായിട്ടുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നത്  പത്രസെൻസർഷിപ്പ് നിയമപ്രകാരം ശിക്ഷാർഹമാണെന്നും, എഡിറ്റോറിയൽ കോളത്തിലും പ്രാദേശിക വാർത്ത ചേർത്താൽ മതിയെന്നും മൂന്നു ദിവസത്തിനകം ഡൽഹിയിൽനിന്ന് ഉത്തരവു വന്നു. അതിനാൽ 1975 ജൂലൈ 5 ന്റെ ദേശാഭിമാനിയിൽ (കൊച്ചി എഡിഷൻ) രണ്ടാം പേജിന്റെ മുകളിലായി (സാധാരണ എഡിറ്റോറിയൽ എഴുതുന്ന ഭാഗത്തും ബോക്സിൽ ഇങ്ങനെ ഒരു വാർത്ത കൊടുത്തിരുന്നു. 'എഡിറ്റോറിയൽ കോളം ഒഴിച്ചിടുന്നതു ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചിരിക്കുന്നതിനാൽ ഞങ്ങൾ അതു നിർത്തുന്നു.

ഇതിനെത്തുടർന്ന് അടിയന്തരാവസ്ഥ അവസാനിക്കുന്നതു വരെ മുഖപ്രസംഗത്തിന്റെ കോളത്തിൽ വാർത്തകൾ കൊടുത്തുകൊണ്ടാണ് ദേശാഭിമാനി പുറത്തിറക്കിയത്. ഇതോടൊപ്പം മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, ജവഹർലാൽ നെഹ്റു, രബീന്ദ്രനാഥ് ടാഗോർ എന്നിവരുടെ ഗ്രന്ഥങ്ങളിൽനിന്നും ജനാധിപത്യ സ്വാതന്ത്ര്യം എന്തുമാത്രം വിലപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്ന ഉദ്ധരണികൾ ചില ദിവസങ്ങളിലെ പത്രത്തിന്റെ ഒന്നാംപേജിൽ പ്രസിദ്ധീകരിക്കുക എന്ന സൂത്രവും പ്രയോഗിച്ചു. ഹിറ്റ്ലറുടെ ദേശീയ സോഷ്യലിസത്തെക്കുറിച്ചുള്ള വാക്കുകളും, നെഹ്റു തന്റെ മകൾക്ക് (ഇന്ദിരക്ക്) അയച്ച കത്തുകളിൽ -വിശ്വചരിത്രാവലോകം - നിന്നുമുള്ള ഉദ്ധരണികളുമൊക്കെ നൽകി. ഫാസിസം എന്ത്? (1976 ജൂലൈ 2, കൊച്ചി എഡിഷൻ), ഒരു കുലപതിയുടെ വളർച്ച (1976 ജൂലൈ 4, കൊച്ചി) മുതലായവ ഇതിനുദാഹരണം. ഇന്ത്യൻ എക്സ്പ്രസും ഈ തന്ത്രം പ്രയോഗിച്ചിരുന്നു. എന്നാൽ, അധികൃതർക്ക് ഇതു സഹിച്ചില്ല.

ഇതിനെത്തുടർന്നുവന്ന ഉത്തരവ് 'മഹദ് വ്യക്തികളുടെ ഗ്രന്ഥങ്ങളിൽ നിന്നും ഉള്ള ഉദ്ധരണികൾ സന്ദർഭോചിതമല്ലാതെ പിരിച്ചെടുത്തു പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു. ഇത് മറ്റൊരു പ്രകോപനപരമായ തലക്കെട്ടിന് വഴിയൊരുക്കി-'മഹദ്വവചനങ്ങൾക്കും വിലക്ക്'. കൂടാതെ ജനാധിപത്യ ആശയങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്ന പുരാണകഥകളും മഹാഭാരതത്തിൽ നിന്നുള്ള ഭാഗങ്ങളും പത്രം പ്രസിദ്ധീകരിച്ചു. 1975 ജൂലൈ 5 ന്റെ ലക്കത്തിലെ ഹിരണ്യായ നമഃ ഇതിനുദാഹരണം. അടുത്ത കൽപ്പന പുരാണകഥകളും പ്രസിദ്ധീകരിക്കാൻ പാടില്ലെന്നായിരുന്നു. പട്ടാള വാഴ്ച നിലനിന്നിരുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാനും സെൻസർ അനുവദിച്ചില്ല. അതിലെ പരാമർശങ്ങൾ ഇന്ത്യയിലെ സമകാലിക സംഭവങ്ങളുമായി താരതമ്യപ്പെടുത്തി ജനങ്ങൾ വായിച്ചേക്കും എന്നായിരുന്നു ന്യായീകരണം. പാകിസ്ഥാനിൽ പത്രസ്വാതന്ത്ര്യം ഇല്ല എന്നുപോലും എഴുതാൻ പാടില്ല. അങ്ങനെ എഴുതിയാൽ ഇന്ത്യയിലും അങ്ങനെയാണെന്ന് ജനങ്ങൾ കരുതും. രാഷ്ടീയ പ്രശ്നങ്ങൾ മാത്രമല്ല, കാലാവസ്ഥയെയും വെള്ളപ്പൊക്കത്തെയും കുറിച്ചുള്ളവയും കൊടുക്കരുതെന്ന് നിർദ്ദേശിക്കപ്പെട്ടു. ഇടവപ്പാതി ആ വർഷം തകർത്തു പെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ട് പോലും സെൻസർ വെട്ടിക്കളഞ്ഞു. അപ്പോഴേക്കും മുഖപ്രസംഗത്തിനുപകരം ദേശാഭിമാനിയിൽ കുറിപ്പുകൾ വരാൻ തുടങ്ങി. ഇത് മുറതെറ്റാതെ പത്രാധിപന്മാരായ പി ഗോവിന്ദപ്പിള്ളയും കെ മോഹനനും തുടർന്നു. ഈ കുറിപ്പുകൾ ഇന്ത്യയിലെ ദേശീയ രാഷ്ടീയ സമകാലീന സംഭവവികാസങ്ങളെ കുറിച്ചായിരുന്നില്ല. സാർവദേശീയ സംഭവവികാസങ്ങളെ വിവരിച്ചുകൊണ്ടുള്ളവയാണ് അവയിൽ മിക്കതും. എന്നാൽ, ഈ കുറിപ്പുകളിലൂടെ ഇന്ത്യൻ രാഷ്ടീയ വിചാരങ്ങൾ വ്യംഗ്യമായും, വരികൾക്കിടയിലൂടെ വായിച്ചാൽ സുവ്യക്തമായും സമർത്ഥമായും അവർ അവതരിപ്പിച്ചിരുന്നു.

1975 ജൂലൈ 13 ന് പുതിയ ഉത്തരവ് ഇറങ്ങി. വാർത്തകൾ, വിശകലനങ്ങൾ, നിയമനിർമ്മാണ സഭകളുടെ നടപടിക്രമങ്ങളുടെ റിപ്പോർട്ടിങ്, കോടതി നടപടികളുടെ റിപ്പോർട്ടിങ് എന്നിവയെ നിയന്ത്രിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഉത്തരവ്. രാഷ്ട്രീയ തടവുകാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഈ ഉത്തരവുമൂലം തടഞ്ഞു. മുഖപ്രസംഗ സ്ഥലം ഒഴിച്ചിടുന്നത് നിരോധിച്ചു. സെൻസർഷിപ്പിന് വിധേയമാകാത്ത യാതൊന്നും എഡിറ്റർമാർ പ്രസിദ്ധീകരിക്കാൻ പാടില്ല. അച്ചടിക്കു മുമ്പും പിമ്പും സെൻസറെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയശേഷം മാത്രമേ പത്രം വിതരണം
ചെയ്യാവൂ.

ഇതിനിടയിൽ ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന നാല് വാർത്താ ഏജൻസികളായ പി ടി ഐ, യു എൻ ഐ (ഇംഗ്ലീഷ്), ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ ഭാരതി (ഹിന്ദി) എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് 'സമാചാർ' എന്ന പേരിൽ ഒറ്റ വാർത്താ ഏജൻസിയാക്കി മാറ്റുകയുണ്ടായി. ഇതിന്റെ നിയന്ത്രണം പ്രിൻസിപ്പൽ സെൻസറിങ് ആപ്പിസറായ 'വല്യേട്ട'ന്റെ പൂർണ നിയന്ത്രണത്തിലാക്കി. ഇതിലൂടെ അരിച്ചിറങ്ങുന്ന വാർത്തകൾ ഔദ്യോഗികാംഗീകാരമുള്ള സർക്കാർ സൂക്തങ്ങളായിരുന്നു. ഇതിലൂടെ 'സുൽത്താനയുടെ തിരുമൊഴി'കൾക്കൊരു എതിർമൊഴി ലഭ്യമായിരുന്നില്ല. 'മറ്റു പ്രദേശിക വാർത്തകളാകട്ടെ, ജില്ലകളിലെ പബ്ലിക് റിലേഷൻസ് ആപ്പീസുകളിൽ സർക്കാർ സർക്കുലറുകളെഴുതി പരുവപ്പെട്ട മനസ്സുകളുടെ 'ലീലാവിലാസങ്ങൾ'ക്കും 'ക്രൂരവിനോദങ്ങൾ'ക്കും വിധേയവുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തരാവസ്ഥയിൽ അതിന്റെ അപ്രീതിക്ക് പാത്രമാകേണ്ടി വന്നിരുന്ന പത്രങ്ങളുടെ, പ്രത്യേകിച്ച് മലയാളത്തിൽ ദേശാഭിമാനിയുടെ, നടത്തിപ്പ് എത്രമാത്രം ക്ലേശകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ!

ഇതിനോടൊപ്പം തന്നെ, ഫാസിസം സ്വയം അതിന്റെ ശവക്കുഴി തോണ്ടുന്നു (കൊച്ചി ജൂലൈ 1975) എന്ന തലക്കെട്ടിൽ 1935 ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ഇറ്റാലിയൻ കമ്യൂണിസ്റ്റ് നേതാവായ സ. ജോർജ് ദിമിത്രോവ് സമർപ്പിച്ച റിപ്പോർട്ടിന്റെ ഭാഗം; ക്യൂബയിൽ ജനറൽ ബാറ്റിസ്റ്റക്കെതിരെ മോൺകാഡ കൊട്ടാരം ആക്രമിച്ച വിരലിലെണ്ണാവുന്ന വിപ്ലവകാരികളുടെ നേതാവായ ഫിദൽ കാസ്ട്രോ 1953 ഒക്ടോബർ 10-ാം തീയതി നടന്ന മോൺകാഡാ വിചാരണയിൽ പ്രതിഭാഗത്തിനുവേണ്ടി കോടതി മുമ്പാകെ നടത്തിയ അക്കാലത്തെ ചെറുപ്പക്കാരെയൊക്കെ രോമാഞ്ചമണിയിച്ച, ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും (History will absolve me) എന്ന സുപ്രസിദ്ധ പ്രസംഗം എന്നിവ 1975 ജൂലൈ 26 ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

ഫിഡൽ കാസ്ട്രോയുടെ സന്തത സഹചാരിയായിരുന്ന ചെഗുവേര ലാറ്റിനമേരിക്കൻ വനാന്തരങ്ങളിൽ നടത്തിയ ഗറില്ലാ പോരാട്ടങ്ങൾക്കിടയിൽ വധിക്കപ്പെട്ടപ്പോൾ ഫിദൽ കാസ്ട്രോ എഴുതിയ കണ്ണിരിൽ ചാലിച്ച അനുസ്മരണക്കുറിപ്പ് എന്നിവയെല്ലാം ദേശാഭിമാനിയുടെ കോളങ്ങളെ സമ്പന്നമാക്കി. കൊടുക്കേണ്ട വാർത്തകൾ ഉദ്ദേശിച്ചവിധം കൊടുക്കാൻ കഴിയാത്ത വിധത്തിലുള്ള സെൻസർഷിപ്പിന്റെ കർശന നിയന്ത്രണങ്ങളെ മറികടക്കാനും പാർട്ടി അണികൾക്ക് പ്രചോദനം നൽകാനുമായി മന്ദബുദ്ധികളായ പല സെൻസറിങ് ഉദ്യോഗസ്ഥന്മാരുടെ കണ്ണുവെട്ടിച്ചുകൊണ്ട് നടത്തിയ ചെപ്പടിവിദ്യകളായിരുന്നു ഇതൊക്കെ.

ആ സമയത്താണ്, മൈസൂർ സർവകലാശാലയിൽ ശാസ്ത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം ലഭിക്കുന്നത്. പി ഗോവിന്ദപ്പിള്ളക്ക് ആരോ അയച്ചുകൊടുത്തതായിരുന്നു. ചിതലുകളുടെ ജീവിതമായിരുന്നു വിഷയം. ചിതലുകളുടെ രാജ്ഞിക്ക് മറ്റുള്ളവ ശേഖരിക്കുന്ന ഭക്ഷണത്തിന്റെ പകുതി നൽകണം. റാണിക്ക് ചുറ്റും കാവൽപ്പടയുണ്ട്, അവർ ഷണ്ഡന്മാരാണ്. സിറം കുത്തിവച്ച് രാജ്ഞി അവരെ വന്ധ്യംകരിക്കും, അവരാണ് രാജ്ഞിയുടെ അടുപ്പക്കാരായി ചുറ്റിലും എപ്പോഴുമുണ്ടാവുക എന്നൊക്കെയായിരുന്നു പ്രബന്ധത്തിലെ കണ്ടെത്തൽ. അപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതൊരു വാർത്തയാക്കാൻ ഉതകുമെന്ന് തോന്നി കെ മോഹനൻ മാറ്റി എഴുതി. സഹപ്രവർത്തകരെ ഷണ്ഡന്മാരാക്കി ഏകാധിപതിയായി വാഴുന്ന രാജ്ഞി എന്ന പേരിൽ അടുത്ത ദിവസം എട്ടുകോളം തലക്കെട്ടിൽ ഒന്നാംപേജിൽ വിശിക്കൊടുത്തു. സംഗതി കിക്കായി. അധികാരികൾ ഇളകി.

കൂടുതൽ നിയന്ത്രണമേർപ്പെടുത്തി പത്രത്തെ വീർപ്പുമുട്ടിക്കാനുള്ള ശ്രമമാണ് ഗവൺമെന്റ് തുടർന്നു നടത്തിയത്. പെട്ടെന്നൊരു ദിവസം വൈകുന്നേരം വലിയൊരു പൊലീസ് അകമ്പടിയോടെ വാർത്താ നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി ആപ്പീസുകളിലേക്ക് കടന്നുവന്നു. അവരുടെ ഗൗരവം കണ്ടപ്പോൾ പത്രമാപ്പീസ് അടച്ചുപൂട്ടാനുള്ള ശ്രമമാണെന്നു തോന്നി. അടുത്തദിവസത്തെ പത്രത്തിൽ കൊടുക്കാൻ തയ്യാറാക്കിയ വാർത്തകൾ അവർ കീറിമുറിച്ച് പരിശോധിച്ചു. അവർക്കിഷ്ടപ്പെടാത്ത പല വാർത്തകളും നീക്കം ചെയ്തു. അത് വാർത്തയുടെ മുൻകൂട്ടി പരിശോധന നടപ്പാക്കുന്നതിന്റെ തുടക്കമായിരുന്നു. അന്നത്തെ പരിശോധന പൂർത്തിയാക്കിയതോടെ പൊലീസും ഉദ്യോഗസ്ഥന്മാരും സ്ഥലംവിട്ടു.
സെൻസർഷിപ്പ് പ്രീസെൻസർഷിപ്പായി. സ്വയം സെൻസർഷിപ്പിന്റെ നാലുമാസമെത്തിയപ്പോൾ വറചട്ടിയിൽനിന്ന് എരിതീയിലായ സ്ഥിതി. സെൻസർ മുൻകൂർ കാണാതെയും അനുവദിക്കാതെയും ഒരു വാർത്തയും കൊടുക്കരുതെന്നായി കല്പന. എല്ലാ വാർത്തകളും വെട്ടിമുറിക്കും. പലതും ഒഴിവാക്കും. അവസാന നിമിഷം പത്രമിറക്കാൻ പെടാപ്പാട്. അതിനിടെ ആഭ്യ ന്തരമന്ത്രി കെ.കരുണാകരൻ പത്രാധിപന്മാരുടെ യോഗം വിളിച്ചു. യോഗത്തിനു മുമ്പ് കെ മോഹനൻ മാതൃഭൂമി പ്രതാധിപർ വി എം നായരെ പോയി കണ്ടു. അദ്ദേഹത്തിന് മോഹനനോട് വലിയ കാര്യമായിരുന്നു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞു. "സാറിനെ ഞങ്ങൾ പത്രക്കാർ കാരണവരായാണ് കരുതുന്നത്. ഇന്നതു പോലൊരു സംഭവമുണ്ടായി. ഞാൻ എഴുതിയത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയാണ്. ഏതു പത്രക്കാരനും ചെയ്യുന്ന കാര്യമേ ഞാനും ദേശാഭിമാനിയും ചെയ്തുള്ളൂ. ആകർഷകമായ തലക്കെട്ടിട്ടു".

ഇത്രയും കാര്യങ്ങൾ വിശദമാക്കി. പ്രീസെൻസറിങ് ഏർപ്പെടുത്തിയതും മറ്റുമായ കാര്യങ്ങളും വിശദീകരിച്ചു. പത്രാധിപന്മാരുടെ യോഗത്തിൽ വി എം നായർ കരുണാകരനെതിരെ രോഷംകൊണ്ടു. ചിതലിനെക്കുറിച്ചുള്ള വാർത്ത ഇന്ദിരാഗാന്ധിയെപ്പറ്റിയെന്ന് വ്യാഖ്യാനിച്ച് നിങ്ങളാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് പറഞ്ഞു. അവർ ഏകാധിപതിയാണെന്ന് വ്യാഖ്യാനിച്ച് ദേശാഭിമാനിക്ക് പ്രീ സെൻസർഷിപ്പ് ഏർപ്പെടുത്തിയത് നിങ്ങളല്ലേ എന്നെല്ലാം വി എം നായർ ചോദിച്ചു. എന്നാൽ, കരുണാകരൻ തീരുമാനം മാറ്റിയില്ല. പ്രീ സെൻസറിങ് മാറ്റമില്ലാതെ തുടർന്നു.

അടുത്ത ദിവസം മുതൽ പത്രത്തിൽ കൊടുക്കുന്ന മുഴുവൻ വാർത്തകളും മൈലുകൾ അകലെയുള്ള പരിശോധനാ ഉദ്യോഗസ്ഥ (സെൻസറിങ് ഓഫീസർ) ന്റെ അടുത്തെത്തിക്കണം. കേരള സർക്കാരിന്റെ ഇൻഫർമേഷൻ വകുപ്പിൽ ജോലി ചെയ്യുന്ന ഓഫീസറോ സഹ ഓഫീസറോ ആയിരിക്കും ഈ ജോലിക്ക് നിയുക്തനായിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥന്മാരും ചില സ്ഥലത്ത് ഈ ജോലി നിർവഹിച്ചുപോന്നു. ഈ സെൻസറിങ് ഓഫീസർമാരിൽ നിന്നും കയ്പേറിയ അനുഭവങ്ങളാണ് കേരളത്തിൽ പ്രീ സെൻസർഷിപ്പിന് കർശനമായും വിധേയമായിരുന്ന ദേശാഭിമാനിക്ക് നേരിടേണ്ടിവന്നത്.

സെൻസറുടെ വിചാരണ കഴിഞ്ഞ് പത്രം ഏതു സമയത്ത് അച്ചടിക്കാനാകുമെന്ന് പറയാനാകാത്ത വല്ലാത്ത ദുരിതകാലമായിരുന്നു അടിയന്തരാവസ്ഥക്കാലം. കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് എന്നീ വാക്കുകൾക്കൊക്കെ വിലക്കാണ്. അവ വെട്ടും. അതോടെ പത്രാധിപസമിതി ആലോചിച്ച് ബദൽ കണ്ടെത്തി. ആ ഭാഗം ഒഴിച്ചിട്ട് വാർത്ത നൽകും. അത് പതിവായപ്പോൾ വായനക്കാരും ഊഹിച്ച് പഠിച്ച് വായിക്കും. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അതിനും വിലക്കായി. അങ്ങനെ ഒഴിച്ചിടരുതെന്ന്. പത്രത്തിന് വായനക്കാരുണ്ട്, ആവശ്യക്കാർ ചോദിച്ച് വാങ്ങുന്നുണ്ട്. വരികൾക്കിടയിൽ വായിച്ചായാലും നാട്ടിലെ കാര്യമറിയണമെങ്കിൽ ദേശാഭിമാനി വേണമെന്ന് രാഷ്ട്രീയബോധമുള്ള ഏതൊരാളും അംഗീകരിച്ച് പത്രം തേടിവരുമായിരുന്നു. എന്നാൽ, പാതിരാത്രിയായാലും അച്ചടിക്കാനാകുമെന്നുറപ്പില്ലാത്ത വിധമായിരുന്നു സെൻസർമാരുടെ ഇടപെടൽ.

സെൻസറുടെ കത്രിക പ്രയോഗത്തിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രമിച്ചുകൊണ്ടായിരുന്നു വാർത്തകൾ തയ്യാറാക്കിയത്. ഇതുകഴിഞ്ഞ് വാർത്ത കമ്പോസ് ചെയ്ത് ഒന്നിലധികം പ്രൂഫെടുത്ത് ആ പേജ് പ്രൂഫുമായി വേണം സെൻസറിങ് ഓഫീസറുടെ സവിധത്തിലെത്താൻ. വാർത്ത എന്തെന്ന് വായിച്ചു നോക്കാതെ, തലക്കെട്ടു നോക്കി തലങ്ങും വിലങ്ങും വെട്ടി, തള്ളേണ്ടതു തള്ളിയശേഷം ഒരു കോപ്പി സീൽ ചെയ്ത് ഒപ്പിട്ട് തിരിച്ചുകൊടുക്കും. ഇതുമായി തിരിച്ചുവന്ന് വെട്ടിക്കളഞ്ഞ വാർത്തകളുടെ സ്ഥലം നിറയ്ക്കാൻ വീണ്ടും അക്ഷരങ്ങൾ കൈകൊണ്ട് പെറുക്കിവച്ച് പുതിയ വാർത്തകൾ തയ്യാറാക്കും. വെട്ടിക്കളഞ്ഞ മാറ്ററിന്റെ സ്ഥലം ഒഴിച്ചിട്ട് പത്രം പ്രസിദ്ധീകരിക്കാൻ പാടില്ലല്ലോ. പുതിയതായി തയ്യാറാക്കിയ വാർത്തകൾ വീണ്ടും സെൻസറുടെ അംഗീകാരത്തിനു സമർപ്പിക്കണം. അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ പത്രം അച്ചടിക്കാനൊക്കുമായിരുന്നുള്ളൂ. രാത്രി നിശ്ചിതസമയത്തിനുശേഷം വാർത്ത പരിശോധിക്കില്ല. അതിനാൽ വൈകിവരുന്ന ഒരു വാർത്തയും പത്രത്തിൽ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

പലപ്പോഴും ദിനപ്രതങ്ങളിലെ പ്രവർത്തനം സമയവുമായുള്ള ഓട്ടപ്പന്തയമായിരുന്നു. ആ നിലയ്ക്ക് സെൻസറുടെ മുമ്പിലെ കാത്തിരിപ്പും വെട്ടിത്തിരുത്തലും പത്രം പുറത്തുകൊണ്ടുവരുന്നതിലും വായനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിലുമൊക്കെയുണ്ടാക്കിയ പ്രയാസങ്ങളും വിഷമതകളും വിവരണാതീതമായിരുന്നു. എന്നാൽ, ഇത് കേരളത്തിൽ ദേശാഭിമാനി മാത്രം അനുഭവിച്ച വിഷമവുമായിരുന്നു.

അക്കാലത്ത് കുട്ടനാട്ടിൽ താറാവുകൾ രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങി. ആ വാർത്ത നൽകുന്നതിനും വിലക്കുണ്ടായി. കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന വാർത്ത ഭീതി പരത്തുമെന്നായിരുന്നു കണ്ടെത്തൽ. പി ഐ ബി യിൽ നിന്നുള്ള ഉണ്ണിത്താൻ എന്ന ഉദ്യോഗസ്ഥനായിരുന്നു അന്ന് സെൻസർ. രാജാവിനേക്കാൾ വലിയ രാജഭക്തൻ. എ കെ ജി ഒരു ദിവസം ദേശാഭിമാനിയിൽ വന്ന് കാര്യങ്ങൾ മനസ്സിലാക്കിയശേഷം ഉണ്ണിത്താനെ ചീത്ത വിളിക്കുക പോലുമുണ്ടായി.

പത്രമിറക്കുന്ന ജോലി കടുത്ത വെല്ലുവിളിയായി മാറി. ശരിക്കും ഭ്രാന്ത് പിടിക്കുന്ന നില. ആ സമയത്താണ് ഇ എം എസ് ഓഫീസിലെത്തിയത്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞപ്പോൾ കെ മോഹനന് കരച്ചിൽവന്നു. ശബ്ദം ഇടറി. അസ്വസ്ഥജനകമായ അന്തരീക്ഷത്തിൽ എങ്ങനെ പത്രം തുടരും. ഇത് നമുക്കങ്ങ് നിർത്തിക്കുടേയെന്ന് മോഹനൻ ചോദിച്ചതിന് ഇ എം എസിന്റെ മറുപടി ചരിത്ര പ്രധാനമായിരുന്നു: 'നമ്മൾ പത്രം നിർത്തിയാൽ അവർ ജയിച്ചു. നമ്മൾ തോറ്റു. അതാണവരുടെ ലക്ഷ്യം. നമ്മൾ പൂട്ടിപ്പോകണം. പത്രം ഓഫീസ്‌ പൂട്ടി എന്ന ചിത്തപ്പേര് അവർക്കുണ്ടാകരുത്. സഹികെട്ട് നമ്മൾ പൂട്ടിപ്പോകണം. അവര് പൂട്ടിക്കുന്നെങ്കിൽ പൂട്ടിക്കട്ടെ, എന്തു വന്നാലും പത്രം മുടക്കരുത്. നമ്മൾ പൂട്ടിയാൽ അവർ ജയിച്ചു എന്നല്ലേ അർത്ഥം. എന്ത് ത്യാഗം സഹിച്ചും ദേശാഭിമാനി ഇറക്കണം’.

ഇ എം എസ് നയം വിശദമാക്കിയതോടെ പിന്നെ മറ്റൊരു ചിന്തയില്ല. കിട്ടാവുന്ന വാർത്തകൾ സംഘടിപ്പിച്ച് നാലുപേജ് പത്രം ഇറക്കും. അത് നിറയ്ക്കാൻ പലവിധത്തിൽ വാർത്തകൾ കണ്ടെത്തി. അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് തൊട്ടുമുമ്പാണ് ദേശാഭിമാനിയുടെ പ്രീ സെൻസർഷിപ്പ് നീക്കിയത്.

മുഖ്യധാരാ പത്രങ്ങൾ മുഴുവനും അടിയന്തരാവസ്ഥയെ അനുകൂലിക്കുകയും ചില പത്രങ്ങൾ പ്രശംസിക്കുകയും ചെയ്തുവന്നു. സമയത്തിന് തീവണ്ടി പോകുന്നു. പണിമുടക്കിന്റെ ശല്യമില്ല, സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്തുന്നു, മുതലായവയെല്ലാം അടിയന്തരാവസ്ഥയുടെ ഗുണങ്ങളായി അത്തരം പത്രങ്ങൾ പാടിപ്പുകഴ്ത്തി. 'നാവടക്കൂ, പണിയെടുക്കൂ' എന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുദ്രവാക്യം രാജ്യത്തിന് നേട്ടമുണ്ടാക്കിയെന്നും അവർ പറഞ്ഞു.

രാവിലെ മുതൽ രാത്രിവരെ കിട്ടുന്ന വാർത്തകൾ കമ്പോസ് ചെയ്ത്, ദൂരെയുള്ള സെൻസറിങ് ഓഫീസറുടെ മുമ്പിൽ കൊണ്ടുചെന്ന് സമ്മതത്തിനു വേണ്ടി കാത്തുകിടന്ന്, അദ്ദേഹം ഒപ്പിടുന്ന വാർത്ത മാത്രം പത്രത്തിൽ കൊടുത്തുകൊണ്ട് അധികദിവസം പത്രം നടത്തില്ലെന്നായിരുന്നു ഗവൺമെന്റ് കണക്കു കൂട്ടിയത്. പത്രമാഫീസ് തനിയേ അടച്ചുപൂട്ടിക്കൊള്ളുമെന്ന് അവർ ധരിച്ചു. എന്നാൽ, ഈ നിയന്ത്രണങ്ങൾക്കെല്ലാം അകത്തുനിന്നുകൊണ്ടും പത്രം കൃത്യമായി ഇറക്കുകയുണ്ടായി.

വാർത്താനിയന്ത്രണം ഇത്ര കർശനമാക്കിയിട്ടും പത്രം നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ ഗവൺമെന്റ് മറ്റൊരു തീരുമാനം നടപ്പിലാക്കി. ദേശാഭിമാനിക്ക് പരസ്യം തരുന്നത് നിരോധിച്ചു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ മാത്രമല്ല, ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പരസ്യവും നിർത്തൽ ചെയ്തു. ഇതോടുകൂടി സ്വകാര്യവ്യവസായ സ്ഥാപനങ്ങളിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളും നിലയ്ക്കുകയുണ്ടായി. സർക്കാരിനെ ഭയന്ന് അവരിൽ പലരും മുമ്പ് തന്നുകൊണ്ടിരുന്ന പരസ്യങ്ങൾ നിർത്തിത്തുടങ്ങി. പത്രത്തിന്റെ സർക്കുലേഷൻ വാർത്താ നിയന്ത്രണത്തോടെ ഗണ്യമായി കുറഞ്ഞിരുന്നു. പരസ്യത്തിന്റെ വരുമാനംകൂടി കുറയാൻ തുടങ്ങിയതോടെ പത്രം നടത്തിക്കൊണ്ടു പോകുകയെന്നത് ശ്രമകരമായ ജോലിയായിത്തീർന്നു.

ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ നന്നേ വിഷമിച്ചു. പലരും വിവരം മനസ്സിലാക്കി സ്വമേധയാ തങ്ങളുടെ ശമ്പളം കുറയ്ക്കാൻ അനുവാദം നൽകി. പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനുള്ള ക്യാമ്പയിൻ നടത്താനും വിഷമം നേരിട്ടു. ബാങ്കിൽ നിന്നെടുത്ത വായ്പയുടെ ഗഡുക്കൾ തെറ്റി. പി ടി ഐ ക്കും യു എൻ ഐ യ്ക്കും പണം കുടിശ്ശികയായി. ഇതെല്ലാം പരിഹരിക്കാനുള്ള ഒരു മാർഗവും കണ്ടില്ല. പല നേതാക്കളും തടവിലായി. മറ്റുചിലർ ഒളിവിൽ. ആകെ നിസ്സഹായത ബാധിച്ചു. അവസാനം ഈ സ്ഥിതിയെക്കുറിച്ച് ആലോചിക്കാൻ ജയിലിനു പുറത്തുള്ള ചില സഖാക്കളെ ഇ എം എസ് വിളിച്ച് യോഗം കൂടി. ഇ എം എസ്, പി കണ്ണൻനായർ, പി ഗോവിന്ദപ്പിള്ള, കെ മോഹനൻ, ചാത്തുണ്ണി മാസ്റ്റർ മുതലായവർ യോഗത്തിനുണ്ടായിരുന്നു. ദേശാഭിമാനി പത്രത്തിന് ഫണ്ട് പിരി ക്കണമെങ്കിൽ പത്രത്തിന്റെ പ്രചാരണം എല്ലായിടത്തു നടത്തണം. ഇക്കാര്യം സെൻസർ അനുവദിക്കാൻ പോകുന്നില്ല. തൽക്കാലം പത്രം അടച്ചുപൂട്ടിയാലോ എന്നാലോചിച്ചു. അതിനു കഴിയാത്ത സ്ഥിതിയായി. ബാങ്കുകൾ ഉള്ളതെല്ലാം ജപ്തി ചെയ്തു. ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ് ഫണ്ടും അടയ്ക്കുകയും വേണം. ചുരുക്കത്തിൽ, പത്രം അടച്ചു പൂട്ടണമെങ്കിലും ഫണ്ട് പിരിക്കേണ്ടിവരുന്ന അവസ്ഥ. സെൻസറുടെ 'കത്രിക' കാരണം ഫണ്ട് പിരിക്കുന്നതെന്തിനാണെന്ന് എഴുതാനും കഴിയില്ല. ഏതു നിമിഷവും പത്രം അടച്ചുപൂട്ടിച്ചേക്കാമെന്ന ഭീതിയുടെ കരിനിഴൽ ഒരു വശത്ത്. മറുവശത്ത്, ഏതവസരത്തിലും പട്ടിണിയിലായേക്കാമെന്ന ഉത്കണ്ഠയുമായിക്കഴിയുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും.

പത്രത്തിൽ പേജ് നിറച്ചേ പറ്റൂ. വെറും കവിതയും ചെറുകഥയും മാത്രം പോരല്ലോ. ആ സമയമായപ്പോൾ സെൻസറുടെ വല ദേശാഭിമാനി വാരികയുടെ മേലും വീണു. സെൻസറുടെ കതിക വൈലോപ്പിള്ളിയുടെയും സച്ചിദാനന്ദന്റെയും കവിതകൾക്കുമേലും വീണു. ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തകനായ കൃഷ്ണൻകുട്ടിയുടെ കവിത പ്രസിദ്ധീകരിച്ചതിന് സമാധാനം ചോദിച്ചു. കൃഷ്ണൻകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ദുരവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ അവസാനം ഇ എം എസ് ഒരു പരിഹാരമാർഗം നിർദ്ദേശിച്ചു. താൻ എഴുതിയ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' എന്ന പുസ്തകം ദേശാഭിമാനിയിൽ പുനപ്രസിദ്ധീകരിച്ച് എഡിറ്റോറിയൽ പേജ് നിറയ്ക്കുക.

1975 സെപ്തംബർ ഒന്നാംതീയതി മുതലാണ് 'ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രം' എന്ന ബ്രഹദ് ഗ്രന്ഥം ദേശാഭിമാനിയിൽ ഖണ്ഡശ്ശയായി പുനപ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ആഴ്ചയിൽ രണ്ടുലക്കങ്ങളിൽ ഓരോ അദ്ധ്യായം എന്ന കണക്കിനാണ് ഇത് പ്രസിദ്ധീകരിച്ചത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ കോഴിക്കോട് പതിപ്പിലും ഞായർ, ബുധൻ എന്നീ ദിവസങ്ങളിൽ കൊച്ചി പതിപ്പിലും ഇത് പ്രസിദ്ധീകരിച്ചു. 1147 പുറങ്ങളുള്ള ഈ ചരിത്രഗ്രന്ഥം ഇ എം എസിന്റെ ഏറ്റവും വലിയ പുസ്തകമാണ്. സെൻസറുടെ പിടിയിൽപ്പെടാതെ വളരെ സൂക്ഷ്മതയോടെയാണ് ഇ എം എസ് ഈ പുസ്തകമെഴുതിയത്. എങ്കിലും ചരിത്രമെന്തെന്നറിയാത്ത ഉണ്ണിത്താൻ അതിലും കത്രിക പ്രയോഗിക്കാൻ കാരണങ്ങൾ കണ്ടെത്തി.

പത്രങ്ങളുടെ മേലുള്ള മുൻകൂർ സെൻസർഷിപ്പ് ഇന്ത്യയിലും പുറത്തുമുള്ള മാധ്യമപ്രവർത്തകരുടെ കടുത്ത എതിർപ്പിനിടയാക്കി. പച്ചക്കള്ളം പറഞ്ഞുകൊണ്ടാണ് ഈ എതിർപ്പിനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും നിയമമന്ത്രി എച്ച് ആർ ഗോഖലെയും നേരിട്ടത്. മുൻകൂർ സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അവരുടെ വാദം. 1976 സെപ്തംബർ ഒന്നിന് മുൻകൂർ സെൻസർഷിപ്പ് ഇല്ലെന്ന് എച്ച് ആർ ഗോഖലെ വീണ്ടും പാർലമെന്റിൽ പ്രഖ്യാപിച്ചു. പിറ്റേദിവസം ഇ എം എസ് നമ്പൂതിരിപ്പാട് ഗോഖലേയ്ക്ക് കത്തെഴുതി. അതേ കാര്യങ്ങൾതന്നെ ഉന്നയിച്ചുകൊണ്ട് ഒരാഴ്ച്ചയ്ക്കകം ഇ എം എസ് ഇന്ദിരാഗാന്ധിക്കും എഴുതുകയുണ്ടായി. പാർലമെന്റിലെ സി പി ഐ (എം) ഗ്രൂപ്പിന്റെ ഉപനേതാവ് സമർ മുഖർജിയുമായി ചേർന്ന് സെൻസർഷിപ്പിന്റെ നേരിട്ടുള്ള ചുമതല വഹിച്ചിരുന്ന വി സി ശുക്ലയെ കണ്ടും ഇക്കാര്യങ്ങൾ ഇ എം എസ് ബോദ്ധ്യപ്പെടുത്തുകയുണ്ടായി. അടിയന്തരാവസ്ഥയോടുള്ള എതിർപ്പ് അവസാനിപ്പിച്ചാൽ നിയന്ത്രണം നീക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി (ദേശാഭിമാനി, 23 മാർച്ച് 1997).

മുട്ടുമടക്കിക്കൊണ്ട് ഔദാര്യങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലെന്ന ധീരത ദേശാഭിമാനിയുടേത് മാത്രമായിരുന്നു. മുൻകൂർ സെൻസർഷിപ്പ് ഇല്ലെന്നും, മാർഗ്ഗനിർദേശ രേഖ മാത്രമേ ഉള്ളൂവെന്നും അവകാശപ്പെട്ടുകൊണ്ട് എച്ച് ആർ ഗോഖലെ പാർലമെന്റിൽ ചെയ്ത പ്രസ്താവന സത്യവിരുദ്ധമാണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിക്കൊണ്ട് സെപ്തംബർ രണ്ടിന് പി ഗോവിന്ദപ്പിള്ളയും എച്ച് ആർ ഗോഖലേക്ക് എഴുതി. നുണ വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല.

എറണാകുളം ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസർ ഉണ്ണിത്താന്റെ അജ്ഞതയും ശല്യവും സഹിക്കവയ്യാതായപ്പോൾ അദ്ദേഹത്തിന്റെ ബോസായിരുന്ന പബ്ലിക് റിലേഷൻസ് ഡയറക്ടർ തോട്ടം ടി കെ രാജശേഖരന് പി ജി നേരിട്ട് കത്തെഴുതി. മുൻകൂർ സെൻസർഷിപ്പിന്റെ പല വൈകൃതങ്ങളും പി ജി കത്തിൽ എടുത്തുകാണിച്ചിരുന്നു. മാർഗനിർദേശ രേഖ അംഗീകരിച്ചുകൊണ്ടു തന്നെയായിരുന്നു പി ജി കത്തെഴുതിയത്. മറ്റ് പത്രങ്ങളിൽ വരുന്ന വാർത്തകളും ഔദ്യോഗിക സർക്കാർ വിശദീകരണങ്ങളും, ഉത്തരവാദപ്പെട്ട വാർത്താ ഏജൻസികൾ അയക്കുന്ന വാർത്തകൾപോലും രാജശേഖരന്റെ കീഴുദ്യോഗസ്ഥൻ ഉണ്ണിത്താൻ സെൻസർ ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ സാമാന്യം ദീർഘമായിത്തന്നെ പി ജി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കത്തിന് തോട്ടം രാജശേഖരൻ പി ജി ക്ക് മറുപടി അയച്ചു.

"പ്രിയപ്പെട്ട പി ജി' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സ്നേഹവും മര്യാദയും പ്രകടിപ്പിച്ചുകൊണ്ടാണ് തോട്ടത്തിന്റെ മറുപടി ആരംഭിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ കത്തുനിറയെ വികലമായ വാദങ്ങളായിരുന്നു. പി ജിയും റസിഡന്റ് എഡിറ്റർ മോഹനനും ഒളിഞ്ഞും തെളിഞ്ഞും അടിയന്തരാവസ്ഥയെ എതിർക്കുന്നുവെന്നും, അത്തരം വാർത്തകളും കുറിപ്പുകളും ദേശാഭിമാനിയിൽ നിരന്തരം വരുന്നു എന്നും കത്തിൽ പറഞ്ഞു. ഇത് തുടർന്നാൽ നിയമപരമായ നടപടിയെടുക്കുമെന്നുള്ള ഭീഷണിയോടുകൂടിയാണ് അദ്ദേഹം കത്ത് ഉപസംഹരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉപോദ്ബലകമായി കാര്യമായ തെളിവുകളൊന്നും ചൂണ്ടിക്കാണിക്കാൻ അദ്ദേഹം മെനക്കെട്ടില്ല.

എന്നാൽ, അദ്ദേഹത്തെ ചൊടിപ്പിച്ച ഒരു വാർത്ത അദ്ദേഹം എടുത്തുപറയുകയുണ്ടായി. അത് നേരത്തെ സൂചിപ്പിച്ച സഹപ്രവർത്തകരെ ഷണ്ഡന്മാരാക്കി ഏകാധിപതിയായി വാഴുന്ന രാജ്ഞി എന്ന ശീർഷകത്തിൽ 1975 സെപ്തംബർ 13 ന് ഒന്നാംപേജിൽ വന്ന ഒരു പെട്ടി വാർത്തയായിരുന്നു. കോഴിക്കോട് സർവകലാശാലയിൽ നട്ടെല്ലില്ലാത്ത ജീവികളെക്കുറിച്ച് നടന്ന ഒരു സെമിനാറിൽ ചിതലുകളെക്കുറിച്ച് അവതരിപ്പിച്ച ഒരു പ്രബന്ധമായിരുന്നു അത്. എന്നാൽ, വ്യംഗ്യമായി അത് ഇന്ദിരാഗാന്ധിയെ സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥയെക്കുറിച്ചാണെന്ന് തോന്നാം. ഈ സൂചന മനസ്സിലായാലും അൽപ്പം നർമ്മബോധമുള്ളവർക്ക് അവഗണിക്കാവുന്ന ഒന്നു മാത്രമായിരുന്നു അത്. എന്നാൽ, തോട്ടം രാജശേഖരന്റെ തിരനോട്ടത്തിൽ അത് അവഗണിക്കാൻ കഴിയാത്ത ഒരു മഹാപരാധമായി പോകുകയാണ് ചെയ്തത്.

ഇങ്ങനെ ദേശാഭിമാനി ഇഴഞ്ഞും പിരിഞ്ഞും നീങ്ങവെ, ഒരു ദിവസം ഒരു പൊലീസ് ഇൻസ്പെക്ടറും രണ്ടു കോൺസ്റ്റബിൾമാരും എറണാകുളം ഓഫീസിലേക്ക് കടന്നുവന്ന് പ്രതാധിപരായ പി ഗോ വിന്ദപ്പിള്ളയെ അറസ്റ്റു ചെയ്തു. കണ്ണൻ നായർ വിവരമറിഞ്ഞ് ഓടിയെത്തി. അപ്പോഴേക്കും പി ജി യെ പൊലീസ് വാനിൽ കയറ്റിക്കഴിഞ്ഞിരുന്നു. ഷർട്ടും പല്ലുതേയ്പിനും മറ്റുമുള്ള സാധനങ്ങൾപോലും എടുക്കാൻ അനുവദിച്ചില്ല. തിരുവനന്തപുരത്ത് വീടില്ലേ, അവിടെനിന്ന് എടുക്കാമെന്ന് പൊലീസ് പറഞ്ഞു. ആളുകൾ ഓടിക്കൂടുമെന്ന് വിചാരിച്ചായിരിക്കണം ഇങ്ങനെ ചെയ്തത്. വാൻ നേരെ മുന്നോട്ട് എടുത്തു. കണ്ണൻനായർ തിരുവനന്തപുരത്ത് ഇ എം എസിനെ വിളിച്ചുപറഞ്ഞു. പി ജി യെ നേരെ കൊണ്ടുപോയത് ശാസ്തമംഗലത്ത് പണിക്കേഴ്സ് ലെയിനിലെ കുപ്രസിദ്ധമായ പൊലീസിന്റെ 'ഇടി ആപ്പീസി'ലേക്കാണ്. അവിടത്തെ മേധാവി രാജൻ കൊലയാളിയും കരുണാകരന്റെ ആത്മമിത്രവുമായ ജയറാം പടിക്കലാണ്. ഇ എം എസ് ഈ വിവരം മുഖ്യ മന്ത്രി അച്യുതമേനോനെ വിളിച്ചുപറഞ്ഞു. ശുപാർശയൊന്നും നടത്തിയില്ല. നക്സൽ വേണുവിന് അഭയം കൊടുത്തതിനാണ് പി ജിയെ അറസ്റ്റ് ചെയ്തതെന്ന് ഇ എം എസിനോട് അച്യുതമേനോൻ പറഞ്ഞു. അഞ്ചുദിവസം ചോദ്യം ചെയ്തെങ്കിലും ഇടിയൊന്നും പിജിക്ക് കിട്ടിയില്ല. മര്യാദയില്ലാത്ത ചോദ്യം ചെയ്യലും ശരിപ്പെടുത്തുമെന്ന ഭിഷണികളും കമ്യൂണിസത്തിന്റെ ദോഷങ്ങളെപ്പറ്റി ഉണ്ണിത്താൻ മോഡലിലുള്ള പരാമർശങ്ങളും മാത്രം.

ഗവൺമെന്റിന് എതിർപ്പുള്ള സംഗതികൾ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന പുതിയ നിയമം 1976 ൽ നടപ്പാക്കി. 1956 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണാവകാശ സംരക്ഷണ നിയമം, 1965 ലെ പ്രസ് കൗൺസിൽ ആക്ട് എന്നിവ റദ്ദു ചെയ്തു.

സി പി ഐ അടിയന്തരാവസ്ഥയ്ക്ക് സർവവിധ പിന്തുണയും നൽകിയിരുന്നു. അവരിൽനിന്നു അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിശിതമായ ആക്രമണങ്ങളും പാർട്ടിക്കും പത്രത്തിനുമെതിരായി ഉണ്ടായി.

എന്തിന് പത്രം പുറത്തിറക്കണമെന്നു ദേശാഭിമാനി പ്രവർത്തകർ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്. എന്നാൽ, പത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങാതെ കൊണ്ടുപോയതു കാരണമുണ്ടായ നേട്ടം അടിയന്തരാവസ്ഥയുടെ അന്ത്യനാളുകളിലാണ് ബോദ്ധ്യമായത്. ലോക്‌സഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം 1977 ജനുവരി 18 ന് പ്രസിഡന്റ് പുറപ്പെടുവിച്ചു. രാഷ്‌ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തിൽ മാർച്ച് മാസം തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു. അന്നും അടിയന്തരാവസ്ഥ ഔപചാരികമായി പിൻവലിക്കപ്പെട്ടിരുന്നില്ല. എങ്കിലും, സെൻസർഷിപ്പ് ലംഘിക്കുവാൻ ഇ എം എസ് നൽകിയ നിർദേശമനുസരിച്ച് അന്നുതന്നെ ദേശാഭിമാനി സ്വതന്ത്രമായി പ്രവർത്തിച്ചുതുടങ്ങി. പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തിവച്ചിരുന്നെങ്കിൽ ഒരിക്കലും ഈ സൗകര്യം ഇത്രയും പെട്ടെന്ന് ഉപയോഗിക്കപ്പെടുത്തി മുന്നേറുവാൻ സാദ്ധ്യമാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.

ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിച്ച് പ്രതിപക്ഷങ്ങൾക്ക് പൂർണമായ പ്രവർത്തനസ്വാതന്ത്യം അനുവദിക്കാതെ നടത്തുന്ന തിരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഇ എം എസും എ കെ ജിയും പ്രഖ്യാപിച്ചു. അതേവരെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രം അവസാനിച്ചതോടെ അദ്ദേഹം ആഴ്ചയിൽ മൂന്നുദിവസം കുറിപ്പുകൾ എഴുതാൻ തുടങ്ങി. സാർവദേശീയ,ദേശീയ രംഗങ്ങൾ വിശകലനം ചെയ്തതുകൊണ്ടുള്ളതായിരുന്നു ആ കുറിപ്പുകൾ. അടിയന്തരാവസ്ഥ ചട്ടങ്ങളിൽ ചില അയവുകൾ വരുത്താനും, കൂട്ടത്തിൽ സെൻസ ർഷിപ്പ് ഉത്തരവ് തൽക്കാലം നിർത്തിവയ്ക്കാനും തീരു മാനിച്ചതിനെത്തുടർന്നായിരുന്നു ഇതിനുള്ള അവസരം ലഭിച്ചത്. ഇതിനെത്തുടർന്ന് 1975 ജൂൺ 25 ന് നിർത്തി വച്ചിരുന്ന മുഖപ്രസംഗം 1977 ജനുവരി 22 ശനിയാഴ്ച മുതൽ പുനരാരംഭിച്ചു. ഇതിനു ആരംഭം കുറിച്ചുകൊണ്ട് ആദ്യദിവസം പേരുവച്ച് ഇ എം എസ് മുഖപ്രസംഗ മെഴുതി (എ കെ ജി നൂറ്റാണ്ടിന്റെ ഓർമ്മ, പു. 291)

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും ഭരണഘടനാ ലംഘനങ്ങളുമൊക്കെ തുറന്നുകാട്ടിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട് തിരഞ്ഞെടുപ്പ് അവസാനിച്ചു. 1977 മാർച്ച് 21 ന്റെ ദേശാഭിമാനി പുറത്തിറങ്ങിയത് ഇന്ദിരാഗാന്ധി തോറ്റമ്പി, ജനതാ പാർട്ടി മുന്നേറുന്നു (കോഴിക്കോട് എഡിഷൻ) എന്ന തലക്കെട്ടുമായായിരുന്നു. അതേദിവസത്തെ കൊച്ചി പതിപ്പിന്റെ പ്രധാന തലക്കെട്ട് ഇതായിരുന്നു: ഇന്ദിര-സഞ്ജയ ക്ലിക്കിനു തിരിച്ചടി. അന്നുതന്നെ അടിയന്തരാവസ്ഥ റദ്ദാക്കിക്കൊണ്ട് ആക്ടിങ് പ്രസിഡന്റ് ബി.ഡി ജെട്ടിയുടെ പ്രഖ്യാപനവും വന്നു. മാർച്ച് 22 ന്റെ (കൊച്ചി എഡിഷൻ) മെയിൻ തലക്കെട്ട് ഇന്ദിരയുടെ സേച്ഛാധിപത്യഭരണം പിഴുതെറിഞ്ഞു എന്നായിരുന്നു.

ഇതിനിടയിൽ എ കെ ജിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു. മാർച്ച് 22 നു എ കെ ജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശു പ്രതിയിൽ വച്ച് അന്ത്യശ്വാസം വലിച്ചു. എ കെ ജിയുടെ ചരമവാർത്തയുമായി പുറത്തിറങ്ങിയ പിറ്റേന്നത്തെ പത്രത്തിൽ മറ്റൊരു പ്രധാന വാർത്ത കൂടിയുണ്ടായി രുന്നു- ഇന്ദിരാഗാന്ധി രാജിവച്ചു.

പത്രങ്ങളെ നിയന്ത്രിക്കാൻ ഗവൺമെന്റ് അഴിച്ചു വിട്ട ഭീകരതക്കെതിരെ ഇഞ്ചിനിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറിയത്. അന്ന് രാജ്യത്ത് പ്രീ സെൻസർഷിപ്പിന് വിധേയമായ ഒരേയൊരു ഭാഷാപ്രതം ദേശാഭിമാനിയായിരുന്നു. ഇന്ദിരാസ്‌തുതിയിലും ഭരണകൂട പ്രചാരണതന്ത്രങ്ങളിലും മറ്റു പത്രങ്ങൾ മുഴുകിയപ്പോൾ വ്യത്യസ്തമായ പാതയിലൂടെയാണ് ദേശാഭിമാനി സഞ്ചരിച്ചത്.

(പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമാണ് ഡോ. ചന്തവിള മുരളി)

ഉദാരനായി ഒരേ ഒരാൾ മാത്രം വി.എം.നായർ

അന്ന് പത്രപ്രവർത്തക ലോകത്തിൽ ദേശാഭിമാനിയോട് ഔദാര്യപൂർവം പെരുമാറാൻ ഒരു പ്രധാനി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പി ഗോവിന്ദപ്പിള്ള ഓർക്കുന്നു. അത് മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററായിരുന്ന വി എം നായർ ആയിരുന്നു. അക്കാലത്ത് പത്രക്കടലാസിന് വലിയ ക്ഷാമമായിരുന്നു. കേന്ദ്രസർക്കാരിന്റെ വൃത്താന്തപ്രത രജിസ്ട്രാർ ഓരോ പ്രതങ്ങൾക്കും ക്വാട്ട നിശ്ചയി കൊടുക്കുകയായിരുന്നു പതിവ്. പലപ്പോഴും ദേശാഭിമാനിക്ക് അത് ലഭിക്കാതെ വരുമ്പോൾ പത്രക്കടലാസ് കടമായി തരാൻ രജിസ്ട്രാറോട് ശുപാർശ ചെയ്യാൻ വി എം നായർ പ്രകടിപ്പിച്ച ഔദാര്യം മറക്കാനാകില്ലെന്ന് പി ഗോവിന്ദപ്പിള്ള സ്മരിക്കുന്നു. (ദേശാഭിമാനി, 8 മെയ് 2010)

സർക്കാർ പരസ്യങ്ങൾ ദേശാഭിമാനിക്ക് അനുവദിക്കുന്നതിനെപ്പറ്റി ഒരിക്കൽ പി ജി വി എം നായരോട് പരാതിപ്പെട്ടു. 'ദേശാഭിമാനി മുൻകൂർ സെൻഷർഷിപ്പിന് വിധേയമാണ്. സർക്കാർ അനുവദിക്കാത്ത ഒരക്ഷരം പോലും അതിൽ പ്രസിദ്ധീകരിക്കാനാകില്ല. അങ്ങനെയിരിക്കെ സർക്കാർ പരസ്യങ്ങൾ ഞങ്ങൾക്ക് നിഷേധിക്കുന്നതിന് എന്തു ന്യായമാണ് ഉള്ളത്? (ദേശാഭിമാനി 8 മേയ് 2008)

പി ജി യുടെ വാദത്തോട് യോജിച്ച വി എം നായർ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താ മെന്നും, വാർത്താവിതരണ മന്ത്രി വി സി ശുക്ല കേരളത്തിലേക്ക് വരുന്നുണ്ടെന്നും, അപ്പോൾ അദ്ദേഹവുമായി സംസാരിക്കാമെന്നും പറയുകയുണ്ടായി. എറണാകുളം മാതൃഭൂമി ആപ്പീസിൽ ശുക്ല വന്നപ്പോൾ വി എം നായർ പി ജിയെക്കുടി വിളിച്ച് ശുക്ലയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പി ജി കാര്യങ്ങൾ ശുക്ലയോട് വിശദീകരിച്ചു പറഞ്ഞപ്പോൾ വി എം നായർ അതിനെ ശക്തിയായി അനുകൂലിച്ചുവെന്നുമാത്രമല്ല, വി സി ശുക്ലയോട് വാദിക്കുകയും ചെയ്തു. ശുക്ല എതിർപ്പൊന്നും പറയാതെ, ഡൽഹിയിൽ തിരിച്ചെത്തി ആലോചിക്കാമെന്നു മാത്രം പറയുകയുണ്ടായി. പക്ഷേ, ഒന്നും ചെയ്യുക യുണ്ടായില്ല. (മേൽചൊന്നത്)

പത്രങ്ങൾക്കുള്ള പരാതികൾ കേട്ട് പരിഹരിക്കാനെന്ന പേരിൽ അച്യുതമേനോൻ മന്ത്രിസഭയിലെ സർവാധികാരിയായിരുന്ന കെ കരുണാകരൻ പത്രാധിപന്മാരുടെ ഒരു യോഗം വിളിച്ചുചേർത്തു. അതിന് പോയിട്ട് കാര്യമൊന്നുമില്ലെന്ന് ചീഫ് എഡിറ്റർ പി ജി കരുതി. എന്നാൽ, മാനേജർ കണ്ണൻനായർ, 'ഏറെ നാളായി ഇതൊക്കെ സഹിക്കുകയല്ലേ, പി ജി ഒന്നു പോയിനോക്കി വരൂ' എന്ന് നിർദേശിച്ചു. വി എം നായരെ കണ്ട് വീണ്ടും പരസ്യക്കാര്യമെങ്കിലും പരിഹരിക്കാനാകുമോ എന്നു നോക്കാമെന്നും പി.ജി പറഞ്ഞു. അതനുസരിച്ച് പി ജിയും കണ്ണൻനായരും മാതൃഭൂമിയിലെത്തി ചർച്ചചെയ്തു. സെക്രട്ടറിയേറ്റിൽ ചേർന്ന, കരുണാകരൻ വിളിച്ച യോഗത്തിൽ
സെൻസർഷിപ്പ് പ്രവർത്തനത്തിലെ കൊള്ളരുതായ്മകളും പരസ്യത്തിന്റെ കാര്യവും പി ജി അവതരിപ്പിച്ചപ്പോൾ വി എം നായർ അതിനെ ശക്തിയായി പിന്തുണച്ചു. വി എം നായരുടെ മുഖത്തുനോക്കി വയ്യെന്നു പറയാൻ വിഷമമായതിനാൽ, ഗോവിന്ദപ്പിള്ളയെ പിന്നീടുകണ്ട് കാര്യങ്ങൾ പരിശോധിച്ച് കഴിയുന്നതു ചെയ്യാമെന്ന് കരുണാകരൻ പറഞ്ഞു.


ഇന്ദിരയുടെ മകൻ സഞ്ജയ് എന്നെഴുതാൻ വിലക്ക്

സെൻസറുടെ രീതിയെക്കുറിച്ച് അന്ന് ചീഫ് എഡിറ്ററായിരുന്ന പി ഗോവിന്ദപ്പിള്ള എഴുതി:

വാർത്തകളും ലേഖനങ്ങളും കമ്പോസ് ചെയ്‌ത്‌ പ്രൂഫ്‌ തിരുത്തി നീണ്ട ഗാലി സ്ട്രിപ്പുകളാക്കി സെൻസർഷിപ്പ് ഉദ്യോഗസ്ഥനെ അയാളുടെ ഓഫീസിൽ പോയി കാണിക്കണം. ദേശാഭിമാനിയുടെ കൊച്ചി പതിപ്പ് 1968 ൽ ആരംഭിച്ചതിനുശേഷം കൊച്ചി ആയിരുന്നു മുഖ്യ പ്രതാധിപരുടെ ആസ്ഥാനം. എറണാകുളം കേന്ദ്രമായി പ്രവർത്തിച്ചു വന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ഉണ്ണിത്താനായിരുന്നു സെൻസർഷിപ്പ് ഉദ്യോഗസ്ഥൻ. ന്യൂസ് എഡിറ്റർമാരെയോ സബ് എഡിറ്റർമാരെയോ അയച്ചാൽ, അവരെ ഗൗനിക്കുകപോലും ചെയ്യാതെ, ഓഫീസിൽ ഗാലി സ്ട്രിപ്പുകളിൽ തോന്ന്യാസം കാണിക്കുമെന്നതു കൊണ്ട് മുഖ്യപ്രതാധിപർതന്നെ കൊണ്ടുപോകുകയായിരുന്നു പതിവ്. ഇളംമുറക്കാർക്ക് ഇരിപ്പിടം പോലും കൊടുക്കുകയോ മുഖത്തേക്ക് നോക്കുകയോ പോലും ചെയ്യാത്ത ഉണ്ണിത്താൻ, പത്രാധിപരാകുമ്പോൾ ഇരിപ്പിടവും കുടിക്കാൻ ഒരു ഗ്ലാസ് പച്ച വെള്ളവും കൊടുക്കാറുണ്ട്. വെട്ടും തിരുത്തലും എല്ലാം തോന്നിയതുപോലെ.
'തീരെ യുക്തിഹീനവും മര്യാദകെട്ടതുമായ വെട്ടും തിരുത്തലും കാണുമ്പോൾ തർക്കിക്കാൻ പോയാൽ, ആ മാറ്റർ മാറ്റിവച്ചിട്ട് അടുത്തതോ അതിനടുത്ത ദിവസമോ മേലധികാരികളോട് ചോദിച്ചശേഷം പറയാം എന്നായിരിക്കും പ്രതികരണം. അങ്ങനെയാണ് വെള്ളപ്പൊക്കത്തിന്റെയും മറ്റും കാര്യത്തിൽ ഡൽഹിയിൽനിന്ന് നേരിട്ടുള്ള നിരോധന ഉത്തരവ് വാങ്ങി അയാൾ കാണിച്ചുതന്നത്. പല ഉത്തരവുകളും വിശദീകരണങ്ങളും ദേശാഭിമാനിക്കുവേണ്ടി മാത്രം ഡൽഹിയിലെ മുഖ്യ സെൻസർഷിപ്പ് ഉദ്യോഗസ്ഥനും അതിന്റെ ചുമതല പ്പെട്ട മന്ത്രിയായിരുന്ന വിദ്യാചരൺ ശുക്ലയും ആവിഷ്ക്കരിച്ചതാണെന്നു തോന്നിപ്പോകുന്നു.

'ഇത്തരം ഉത്തര വുകളിൽ വികൃതമായ മറ്റൊരു ഭാഗംകൂടി പറയാം. അക്കാലത്ത് അടിയന്തരാവസ്ഥയുടെ സൂത്രധാരനും പ്രധാനമന്ത്രിയുടെ വലംകൈയുമായിരുന്ന ഇളയമകൻ സഞ്ജയ് ഗാന്ധിയെപ്പറ്റി ആണ് ഒരു നിർദേശം. അദ്ദേഹത്തെപ്പറ്റി പരാമർശിക്കുമ്പോൾ കോൺഗ്രസ് യുവജന നേതാവെന്നോ കോൺഗ്രസ് നേതാവെന്നോ പ്രധാനമന്ത്രിയുടെ മകൻ എന്നോ ഉള്ള ഏതെങ്കിലും വിശേഷണം ചേർക്കുക പത്രലേഖനവിദ്യയുടെ സാധാരണ പതിവാണ്. എല്ലാവർക്കുമറിയാമെങ്കിലും ഒബാമയെപ്പറ്റിയുള്ള വാർത്തവരുമ്പോൾ ആദ്യ പരാമർശത്തിൽ യുഎസ് പ്രസിഡന്റ് എന്ന് ചേർക്കാതിരിക്കാനാകുമോ? ആദ്യത്തെ ഉത്തരവ് പ്രധാനമന്ത്രിയുടെ മകൻ എന്ന് സഞ്ജയ് ഗാന്ധിയെ വിശേഷിപ്പിക്കരുത് എന്നായിരുന്നു. കോൺഗ്രസ് നേതാവെന്നോ കോൺഗ്രസ് യുവനേതാവെന്നോ ചേർക്കരുത് എന്നായിരുന്നു മറ്റൊരു ഉത്തരവ്. എന്താണിതിന്റെ അർത്ഥമെന്നോ ലക്ഷ്യമെന്നോ എനിക്ക് ഇന്നും പിടികിട്ടിയിട്ടില്ല. അത്രമാത്രം വിവരംകെട്ടതും വികൃതവുമായിരുന്നു സെൻസർഷിപ്പ് നിർദേശങ്ങൾ'


ടി.എച്ച്.മുസ്തഫയുടെ സഹായശ്രമം, നിഖിൽ, ഷേണായി എന്നിവരുടെ ഇടപെടൽ

സുരക്ഷാ സന്നാഹക്കാരുടെ പരിശോധനയും പൊലീസ് ശല്യവും ഒഴിവാക്കി നേരേചെന്ന് കരുണാകരനെ കണ്ട് കാര്യം പറയാൻ പി ജിയെ സഹായിച്ചത് കരുണാകരന്റെ അക്കാലത്തെ വിശ്വസ്തനും പി ജിയുടെ സ്നേഹിതനുമായ ടി എച്ച് മുസ്തഫയായിരുന്നു. മുസ്തഫ കാറുമായി എറണാകുളത്ത് കലൂരിൽ ദേശാഭിമാനിയിലെത്തി പി ജിയെയും കൂട്ടി കരുണാകരൻ ക്യാമ്പ് ചെയ്തിരുന്ന ആലുവ കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു. അവർ മുകളിലത്തെ നിലയിലുള്ള കരുണാകരന്റെ മുറിയിലെത്തി. അടിയന്തരാവസ്ഥയുടെ അനിവാര്യതയെയും മേന്മയെയും കുറിച്ചുള്ള കരുണാകരന്റെ ഏകപക്ഷീയമായ പ്രസംഗത്തിനിടയിൽ പി ജി വിനയപൂർവം തന്റെ സന്ദർശനോദ്ദേശ്യം പറഞ്ഞു. വല്ലതും എഴുതി കൊണ്ടുവന്നിട്ടുണ്ടോയെന്ന് കരുണാകരൻ ചോദിച്ചപ്പോൾ, കണ്ണൻ നായർ തയ്യാറാക്കിയ ഇംഗ്ലീഷ് നിവേദനപത്രം പി ജി അദ്ദേഹത്തെ ഏല്പിച്ചു. നിവേദനം ഇടതു കൈകൊണ്ട് വാങ്ങിയിട്ട് കാര്യം പറയാൻ ആവശ്യപ്പെട്ടു. കാര്യം കേട്ടശേഷം പരസ്യത്തിന്റെ കാര്യം ആലോചിക്കാമെന്നും പക്ഷേ, കേന്ദ്രത്തിന്റെ അനുമതി വേണമെന്നും, നിവേദനം കവറിങ് ലെറ്ററോടുകൂടി കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി വി സി ശുക്ലയ്ക്ക് അയക്കാമെന്നും മാത്രമായിരുന്നു കരുണാകരന്റെ പ്രതികരണം. പി ജി മടങ്ങിയശേഷം മുസ്തഫ കരുണാകരനുമായി രഹസ്യസംഭാഷണം നടത്തി. ദേശാഭിമാനിയുടെ കാര്യം കരുണാകരനോട് താൻ ശക്തമായി പറഞ്ഞിട്ടുണ്ടെന്ന് താഴത്തെ നിലയിൽ കാത്തിരുന്ന പി ജിയോട് മുസ്തഫ പറയുകയുണ്ടായി. പക്ഷേ, ഒന്നും നടക്കുകയുണ്ടായില്ല എന്നുമാത്രം. എന്നാൽ, ശുക്ലയ്ക്ക് അത് അയച്ചുകൊടുത്തിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കണ്ണൻ നായരുടെ ഒരു സുഹൃത്ത് മുഖാന്തരം മനസ്സിലാക്കാൻ കഴിഞ്ഞു.

ദേശാഭിമാനിയുടെ നിവേദനം കരുണാകരൻ ശുക്ലയ്ക്ക് അയച്ചു എന്നറിഞ്ഞപ്പോൾ ഒന്നുകൂടി ശുക്ലയെ കാണുന്നതിൽ തെറ്റില്ലെന്ന് കണ്ണൻനായർ പറഞ്ഞു. പത്രക്കടലാസ് ക്വാട്ടയ്ക്കു വേണ്ടി ഡൽഹിക്ക് പോകേണ്ടതുണ്ട്. അതോടൊപ്പം ഈ സന്ദർശനവും നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതനുസരിച്ച് പി ജി ഡൽഹിയിലേക്കു പോയി. അവിടെ രണ്ടുപേരുടെ സഹായം പി ജിക്ക് ലഭിച്ചു. മുൻ കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തനത്തിന്റെ കുലഗുരുവുമായ മെയിൻ സ്ട്രീം പ്രതാധിപർ നിഖിൽ ചക്രവർത്തിയാണ് അതിലൊരാൾ. മറ്റേത് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് ടി വി ആർ ഷേണായി.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പിനുശേഷം നിഖിൽ ഔപചാരികമായി ഭാരവാഹിത്വം ഒഴിഞ്ഞില്ലെങ്കിലും സി പി ഐ യോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ അടുപ്പം. പക്ഷേ, അടിയന്തരാവസ്ഥയെ സി പി ഐ അനുകൂലിച്ചതോടെ നിഖിൽ ചക്രവർത്തി അവരിൽ നിന്നകന്നു. മലയാള മനോരമയുടേത് അടിയന്തരാവസ്ഥയെ ശക്തമായി അനുകൂലിക്കുന്ന നയമായിരുന്നെങ്കിലും ഷേണായി അടിയന്തരാവസ്ഥയുടെ നിശിത വിമർശകനായിരുന്നു. എന്നാൽ, മനോരമയിൽ അങ്ങനെയൊന്നും എഴുതാൻ കഴിയുമായിരു ന്നില്ല. നിഖിലിന്റെ ഓഫീസ് ഭഗത് സിങ് മാർക്കറ്റിലും ഷേണായിയുടേത് റെയ്സിൻ റോസുലുവായിരുന്നു. ഷേണായിയുടെ വിശാലമായ ഓഫീസിലെ ഒരു മുറിയിൽ പി ജി വിശ്രമിച്ചു. ഷേണായി പിന്നീട് ബി.ജെ.പിയിലെത്തി. ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം പംക്തികൾ എഴുതിയിരുന്നു.

നിഖിൽ ചക്രവർത്തിക്ക് പരിചയമില്ലാത്തവർ ഡൽഹിയിൽ വിരളമായിരുന്നു. മന്ത്രിമാരെയും ഏതു ഉയർന്ന ഉദ്യോഗസ്ഥനെയും മുൻകൂർ അനുവാദമോ സമയം നിശ്ചയിക്കലോ ഇല്ലാതെതന്നെ അദ്ദേഹത്തിന് ചെന്നുകാണാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. പി ജി അദ്ദേഹത്തോട് കാര്യം പറഞ്ഞയുടൻതന്നെ കൂട്ടിക്കൊണ്ടുപോയി വി സി ശുക്ലയെ കണ്ട് സംസാരിച്ചു. പത്രക്കടലാസ് ക്വാട്ട തരമാക്കാം, എന്നാൽ സെൻസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ 'മാദ'മിന്റെ (ഇന്ദിരാഗാന്ധിയുടെ) അനുവാദമില്ലാതെ പറ്റില്ലെന്ന് ശുക്ല പറഞ്ഞു. ഇന്ദിരാഗാന്ധിയെ കണ്ടിട്ടു കാര്യമില്ലെന്ന് നിഖിൽ ചക്രവർത്തിക്ക് അറിയാമായിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തു കൊണ്ടുള്ള നിഖിൽ ചക്രവർത്തിയുടെ നിലപാടുകളെക്കുറിച്ച് അറിയാമായിരുന്ന ഇന്ദിരാ ഗാന്ധി പണ്ടത്തെപ്പോലെ അദ്ദേഹത്തിനോട് ലോഹ്യം കാണിച്ചിരുന്നില്ല. പത്രക്കടലാസിന് ഉത്തരവിറക്കി അതിന്റെ ഒരു കോപ്പി ന്യൂസ്പേപ്പർ രജിസ്ട്രാർക്ക് കൊടുക്കാനായി ശുക്ല നിഖിലിനെ ഏല്പിച്ചു. പിന്നീട് രജിസ്ട്രാറെ കാണുകയും കടലാസ് ആവശ്യപ്പെട്ടിടത്തോളമില്ലെങ്കിലും അത്യാവശ്യത്തിന് അനുവദിച്ച് കിട്ടുകയുമുണ്ടായി. രജിസ്ട്രാറെ പരിചയമുണ്ടായിരുന്ന ഷേണായിയുടെ ശ്രമഫലമായിട്ടായിരുന്നു അതിന് കഴിഞ്ഞത്.
 

Share